ന്യൂയോർക്ക്: ഫൊക്കാനയുടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ "ടീം എംപവർ' പാനലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രമുഖ സംഘാടകനും സാമൂഹിക പ്രവർത്തകനുമായ ലാജി തോമസ് ജനവിധി തേടുന്നു.
ലീല മാരേറ്റ് നയിക്കുന്ന ടീം എംപവറിന്റെ പ്രധാന കരുത്തുകളിലൊന്നായ ലാജി തോമസ്, തന്റെ മികച്ച സംഘാടകമികവും സജീവമായ സാമൂഹിക ഇടപെടലുകളും കൊണ്ട് പ്രവാസി മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധേയനാണ്.
പ്രതിസന്ധികളിൽ പതറാത്ത പോരാളിയെന്ന നിലയിൽ ‘ടീം എംപവറിന്റെ’ റാപ്പിഡ് റെസ്പോൺസ് ടീം അംഗമായി പ്രവർത്തിക്കുന്ന ലാജി, പ്രതിസന്ധി ഘട്ടങ്ങളിൽ ധൈര്യപൂർവ്വം ഇടപെടുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിൽ മുൻപന്തിയിലുണ്ട്.
വസ്തുതകളും കണക്കുകളും മുൻനിർത്തി കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്നതിലും, ഏത് സാഹചര്യത്തിലും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കാനുള്ള ധൈര്യവുമാണ് അദ്ദേഹത്തെ മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ടീം വർക്കിലും, ഏതു സാഹചര്യങ്ങളെയും അനുകൂലമാക്കിയെടുക്കുന്ന അദ്ദേഹത്തിന്റെ "കൺവൻഷണൽ വിസ്ഡം' ടീമിന് വലിയ മുതൽക്കൂട്ടാണ്. ദീർഘകാലമായി പ്രവാസി മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലാജി തോമസ് മികച്ചൊരു കായികപ്രേമിയും കാരുണ്യപ്രവർത്തകനുമാണ്.
ക്രിക്കറ്റ് ടൂർണമെന്റുകൾ വിജയകരമായി സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുകൊണ്ട് തന്റെ സാമൂഹിക പ്രതിബദ്ധത അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
പ്രധാന ഔദ്യോഗിക പദവികൾ:
- ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡന്റ് (2024-26)
- ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം (2020-2024)
- ന്യൂയോർക്ക് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് (2022-23), ബോർഡ് ചെയർമാൻ (2024-25)
- ഫൊക്കാന ടുഡേ എഡിറ്റോറിയൽ മെമ്പർ, ഫ്ലോറിഡ കൺവൻഷൻ കമ്മിറ്റി അംഗം
- പ്രവാസി ചാനൽ എൻവെെ റീജിയണൽ ഡയറക്ടർ & ബിസിനസ് ഡെവലപ്മെന്റ് മാനേജർ
- മാർത്തോമ സഭ, സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നിവയിൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെയുള്ള വിവിധ നേതൃപദവികൾ.
സംഘാടകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ തെളിയിച്ച മികവും ഫൊക്കാനയുടെ വളർച്ചയ്ക്കായി നൽകിയ സുദീർഘമായ സേവനങ്ങളും ലാജി തോമസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാക്കുന്നു എന്ന് ഫൊക്കാന പ്രവർത്തകർ വിലയിരുത്തുന്നു.
ലീല മാരേറ്റിന്റെ നേതൃത്വത്തിലുള്ള ടീം എംപവറിന്റെ വിജയത്തിനായി ഫൊക്കാനയെ സ്നേഹിക്കുന്ന ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.